തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തില്‍ ഫയര്സ്റ്റേഷന് അനുവദിക്കണമെന്ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വണ്ണപ്പുറം മേഖലയില്‍ അപകടമുണ്ടായാല്‍ ദുര്‍ഘടമായ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും എല്ലാമുള്ള റോഡിലൂടെ 25 കിലോമീറ്റര്‍ അകലെയുള്ള കല്ലൂര്‍കാട്, തൊടുപുഴ എന്നിവിടങ്ങളില്‍നിന്നു വേണം അഗ്നിശമനസേന ഇവിടെയെത്താന്‍. അതിനാല്‍ പലപ്പോഴും അഗ്നിശമനസേനയുടെ സേവനം യഥാസമയത്ത് ലഭ്യമാകില്ല.
ഇടുക്കി, കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളുടെ പകുതിയിലേറെ പ്രദേശങ്ങള്‍ കുന്നും മലകളും നിറഞ്ഞതും പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ളതും വര്‍ഷങ്ങളായി ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്ന പ്രദേശങ്ങളുമാണ്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ്, കരിമണ്ണൂര്‍ പഞ്ചായത്തിലെ തൊമ്മന്‍കുത്ത് എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്.
തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം കാണുന്നതിനായി ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്നതും ഇവിടെ അപകടം നിത്യസംഭവമായി മാറിയിട്ടുള്ളതുമാണ്. മീനുളിയാന്‍ പാറ, കോട്ടപ്പാറ, എടത്തനകുത്ത് എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളും അപകടസാധ്യത കൂടിയ സ്ഥലങ്ങളാണ്.
മുള്ളരിങ്ങാട്, വെള്ളക്കയം എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലുകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ എട്ടു പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വ്യാപകമായി നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വണ്ണപ്പുറം കേന്ദ്രമായി ഫയര്സ്റ്റേഷന് അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ബ്ലോക്ക് പ്രസിഡന്റ് രാജീവ് ഭാസ്കരന് അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കാനും ബ്ലോക്ക് ഭരണസമിതി തീരുമാനിച്ചു.